2015 ലെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ ആക്ട് (2/2016) പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനും ചുമതലകൾ നിർവ്വഹിക്കുന്നതിനും വേണ്ടി ഒരു കമ്മീഷൻ രൂപീകരിക്കുകയുണ്ടായി.
സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജിയെ കമ്മീഷൻ ചെയർപേഴ്സണായും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മുന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ പ്രത്യേക പരിജ്ഞാനമുള്ള മുന്നാക്ക സമുദായത്തിൽപ്പെട്ട രണ്ടു പേരെ കമ്മീഷൻ അംഗങ്ങളായും, ഗവൺമെൻറ് അഡീഷണൽ സെക്രട്ടറി അല്ലെങ്കിൽ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ മൂന്നു വർഷത്തിൽ കുറയാതെ സേവനം അനുഷ്ഠിച്ചിട്ടുള്ള ഒരാളെ മെമ്പർ സെക്രട്ടറിയായും ആക്ടിലെ 3-ാം വകുപ്പ് പ്രകാരം നിയമിച്ചു കൊണ്ടും കേരള സർക്കാർ കമ്മീഷൻ രൂപീകരിക്കുകയുണ്ടായി. നിലവിലെ കമ്മീഷനെ 08.03.2019 ലെ സർക്കാർ വിജ്ഞാപനം SRO No. 190/2019 പ്രകാരം രൂപീകരിക്കുകയും, സ.ഉ.(സാധാ)നം.4301/2019 പൊ.ഭ.വ.പ്രകാരം പരിഷ്കരിക്കുകയും ചെയ്തു.
കമ്മീഷൻ നിലവിൽ വന്ന സാഹചര‍്യം
2006 ൽ കേന്ദ്ര സർക്കാർ നിയമിച്ച റിട്ട.മേജർ ജനറൽ എസ്.ആർ.സിൻഹു ചെയർമാനായ ദേശീയ ഇ.ബി.സി കമ്മീഷൻ 2010 ൽ സമർപ്പിച്ച റിപ്പോർട്ടിൽ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും സംവരണേതര സമുദായങ്ങളിലെ ഇ.ബി.സി വിഭാഗങ്ങൾക്കുവേണ്ടി ക്ഷേമ കോർപ്പറേഷനുകൾ രൂപീകരിക്കണമെന്നും സംവരണേതരർക്ക് ഭരണഘടനാ സംരക്ഷണമില്ലാത്തതിനാൽ സ്റ്റാറ്റ‍്യൂട്ടറി സംരക്ഷണം ഉറപ്പാക്കാൻ സ്ഥിരം കമ്മീഷനുകൾ രൂപീകരിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.
2014 ൽ വന്ന കേന്ദ്ര സർക്കാർ, ഈ റിപ്പോർട്ട് ഭാഗികമായി അംഗീകരിച്ചു. 2019 ൽ 103-ാം ഭരണഘടനാ ഭേദഗതി നിലവിൽ വന്നപ്പോഴാണ് കേന്ദ്ര സർക്കാർ സിൻഹു കമ്മീഷൻ റിപ്പോർട്ടിനെ അംഗീകരിച്ചത്.
മുന്നോക്ക സമുദായ സംഘടനകളുടെ നിവേദനത്തെത്തുടർന്നാണ് 14.06.2012 ൽ കേരള സംസ്ഥാന മുന്നോക്ക ക്ഷേമ കോർപ്പറേഷൻ രൂപീകരിച്ചത്.
മുന്നോക്ക സമുദായ കോർപ്പറേഷൻറെ പ്രവർത്തനങ്ങൾക്ക് സ്റ്റാറ്റ‍്യൂട്ടറി സംരക്ഷണം നൽകാനും കാലാകാലങ്ങളിൽ ഇക്കാര‍്യത്തിലുള്ള പുരോഗതിയെപ്പറ്റി പഠിച്ച് റിവ‍്യൂ റിപ്പോർട്ട് നൽകാനും ഒരു സ്ഥിരം കമ്മീഷനെ നിയമിക്കണമെന്നുമാവശപ്പെട്ട് മുന്നോക്ക സമുദായ സംഘടനകൾ ബഹു.കേരള മുഖ‍്യമന്ത്രിയ്ക്ക് നൽകിയ നിവേദന പ്രകാരം മന്ത്രിസഭായോഗം ഒരു സ്പെഷ‍്യൽ ഓഫീസറെ നിയമിച്ചു. ഡോ.വി.എം.ഗോപാലമേനോൻ ഐ.എ.എസ് എന്ന ഉദ്യോഗസ്ഥനായിരുന്നു സ്പെഷ‍്യൽ ഓഫീസർ.
സ്പെഷ‍്യൽ ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായി സ്ഥിരം കമ്മീഷനെ നിയമിക്കുവാൻ ഗവൺമെൻറ് തീരുമാനിച്ചു. 28.08.2015 ലാണ് ഇതു സംബന്ധിച്ച ഓർഡിനൻസ് പുറപ്പെടുവിച്ചത്. 21.01.2016 ലാണ് ഇതു നിയമമായത്. 24.02.2016 ൽ റിട്ട.ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള ചെയർമാനും, ശ്രീ.എസ്.വാസുദേവശർമ്മ, പ്രൊഫ.ഡി.കുര‍്യാസ് കുമ്പളക്കുഴി എന്നിവർ അംഗങ്ങളും ഡോ.വി.എം.ഗോപാലമേനോൻ മെമ്പർ സെക്രട്ടറിയുമായി ആദ‍്യ കമ്മീഷൻ നിലവിൽ വന്നു. കമ്മീഷൻറെ കാലാവധി പൂർത്തിയായതിനെ തുടർന്ന് 06/03/2019 ലെ വിജ്ഞാപനപ്രകാരം കമ്മീഷൻ പുന:സംഘടിക്കപ്പെട്ടു. 14/03/2019 ന് പുതിയ കമ്മീഷൻ അധികാരത്തിൽ വന്നു.